തലോടൽ 2016
ബി .ആർ.സി.മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോകാഭിന്നശേഷി ദിനാചരണം ഡിസംബർ 2 ,3 ,5 തീയതികളിലായി സമുചിതമായി ആഘോഷിച്ചു.
2 -)0 തീയതി പള്ളത്തുരാമൻ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത ചിത്രകാരൻ ശ്രീ.ദിനേശ് ഷേണായി അവർകൾ ഉദ്‌ഘാടനം ചെയ്തു.സ്നേഹപ്പൂക്കൾ നൽകി കുഞ്ഞുങ്ങളെ ബി.പി.ഒ.രജനി ടീച്ചർ സ്വാഗതം ചെയ്തു.കുട്ടികൾ ബിഗ് ക്യാൻവാസിൽ ചിത്രങ്ങളുടെ വർണ്ണപ്രപഞ്ചമൊരുക്കി.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും കലാകായിക പരിപാടികൾ അരങ്ങേറി.പതിനേഴ് ലക്ഷ്യങ്ങൾ ശാഖകളായ എസ്.എസ്.എ യുടെ ബിഗ് ട്രീ രക്ഷകർത്താക്കൾ പൂർത്തിയാക്കി.വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനുശേഷം കുമ്പളങ്ങി വാർഡ് മെമ്പറായ ഷീലയും സംഘവും നടത്തിയ കരോക്കെഗാനമേള സംഗീതത്തിന്റെ ഹൃദ്യാനുഭവം പകർന്നു.വൈകിട്ട് സാംസ്‌കാരിക സമ്മേളനം ബഹു.എം.എൽ.എ ശ്രീ .കെ.ജെ.മാക്സി ഉദ്‌ഘാടനം ചെയ്തു. എ.ഇ.ഒ വഹീദ മാഡം ,ജനപ്രതിനിധികൾ ,സംഘടനാ നേതാക്കൾ ,അഭ്യുദയകാംഷികൾ ഇവരെല്ലാം ഒത്തുകൂടിയ ചടങ്ങിൽ കൗൺസിലർ ഷീബലാൽ ആദ്ധ്യക്ഷം വഹിച്ചു.
ആഘോഷത്തിന്റെ രണ്ടാം നാളിൽ വണ്ടർലാ യാത്ര സംഘടിപ്പിച്ചു.വണ്ടർലയിലെ നിമിഷങ്ങൾ കുട്ടികൾക്ക് ഒരു നവ്യാനുഭവമായിരുന്നു.മനസ്സിന്റെ മണിച്ചെപ്പിൽ എന്നെന്നും ഓർമ്മിക്കാൻ ,കളിയും ചിരിയും പുതുമയാർന്ന കാഴ്ചകളും ഒത്തുചേർന്ന ദിനമായി ഡിസംബർ 3.
മൂന്നാം ദിവസം കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി സിനിമാപ്രദർശനം ഒരുക്കി.വലിയ സ്ക്രീനിലെ വലിയ വിശേഷങ്ങളുമായി ആ ദിനവും കടന്നുപോയി.സാമൂഹിക ഇടപെടലുകളുടെ വ്യത്യസ്ത തലങ്ങൾ കുട്ടികളിൽ ആനന്ദവും ആത്മവിശ്വാസവുമേകി .